
അവസാനം അത് സമ്മതിച്ചു - ബഹുമാനപ്പെട്ട വര്‍ക്കി വിതയത്തില്‍ തിരുമേനി ക്രിസ്തീയ സ്ഥാപനങ്ങള്‍ തലവരിപ്പണം വാങ്ങുന്നതിനെ എതിര്‍ത്ത് പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇക്കൂട്ടര്‍ പണം (Capitation Fee) വാങ്ങിക്കുന്നതില്‍ ഒട്ടും പുറകില്‍ അല്ലെന്നു മാത്രം അല്ല, സ്വല്പം ആക്രാന്തം കൂടുതല്‍ ഉണ്ടെങ്കിലേ ഉള്ളു. ഞാന്‍ ഉള്‍പടെ ഏകദേശം തൊണ്ണൂറു ശതമാനം വിശ്വാസികളും തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ മാനേജമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളവര്‍ ആണ്. എന്റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ടി രക്ത സാക്ഷിത്വം വഹിച്ച ഒരുപിടി പ്ലാവുകളെയും മാവുകളെയും ഈ അവസരത്തില്‍ ഞാന്‍ സാദരം സ്മരിച്ചു കൊള്ളുന്നു.
ശരിക്കും പറഞ്ഞാല്‍ ഒരു അറവുമാടിനെ വെച്ച് വിലപേശുന്ന ലാഖവത്തോടെ വെള്ളക്കുപ്പായം ഇട്ട ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന് അഹങ്കരിക്കുന്ന ഇവര്‍ സ്കൂള്‍ മുതല്‍ കോളേജ് അഡ്മിഷന്‍ വരെയുള്ള വേദികളില്‍ രക്ഷിതാക്കളെ പിഴിയുന്നത് കാണുമ്പോള്‍ അറപ്പ് തോന്നിപ്പോകാറുണ്ട്. പ്രാര്‍ധനാലയങ്ങള്‍ ആകേണ്ട ദേവാലയങ്ങള്‍ പണപ്പിരിവ് പ്രസംഗം (ഞായറാഴ്ച കുര്‍ബാനയുടെ ഇടയിലുള്ള പ്രസംഗം ) നടത്താനും ഏതാനും ആള്‍കാരുടെ ശരി പാവപ്പെട്ട അല്മായര്‍ ആകുന്ന പൊതുജനത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോളും ഉണ്ടാവുന്ന ചേതോവികാരം മറ്റൊന്നും അല്ല.
പാവപ്പെട്ടവന്‍ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പാടുപെടുമ്പോള്‍ നോമ്പുകാലത്തുപോലും കന്യാസ്ത്രീമടങ്ങളില്‍ നിന്നും വരുത്തുന്ന കോഴിക്കാലുകള്‍ കഴിച്ച് വിരലുമൂമ്പി നീട്ടിയോരേംബക്കവും വിട്ടു പള്ളിയുറക്കത്തിലേക്ക് വഴുതിവീഴുന്ന സുഖിമാന്മാര്‍ ആയിക്കഴിഞ്ഞിരിക്കുന്നു കേരളത്തിലെ നല്ലൊരു പങ്കു പുരോഹിത ശ്രേഷ്ടരും എന്നത് പിതാവ് മനപ്പൂര്‍വം മറന്നതല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
"മാസപ്പടി" കൃത്യമായി അടക്കാത്തതിന്റെ പേരില്‍ കല്യാണക്കുറി തടഞ്ഞു വച്ച് ഭീക്ഷണിപ്പെടുത്തുന്ന ഗുണ്ടാതലവന്മാരുടെ തലത്തിലേക്ക് അധപ്പതിച്ചു പോയിരിക്കുന്നു ഈ അഭിനവ ആട്ടിടയന്മാര്‍. തലവരിപ്പണം വേണ്ടെന്നു പറയാനെങ്കിലും ചങ്കൂറ്റം കാണിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും, നല്ലൊരു വിഭാഗം ആളുകളെയും ബാധിക്കുന്ന ഈ കാര്യത്തില്‍ ഒരു ഇടയലേഖനം ഇറക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മേലാല്‍ ഇത്തരം നനഞ്ഞ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കാന്‍ അപേക്ഷ!

1 comment:
മകനേ,
നിന്നെ പിതാക്കന്മാരുടെ നാമത്തില്‍ മഹറോന്‍ ചൊല്ലിയിരിക്കുന്നു..
ഇനി നിനക്കു തെമ്മാടിക്കുഴി അഭയം!
(അഭയ എന്നു തെറ്റി വായിക്കരുത്)
Post a Comment